പ്രവാസികളുടെ തിരിച്ചുവരവു
എൺപതുകൾ മുതലാണെന്നു തോന്നുന്നു കേരളത്തിൽ നിന്നു ഗൾഫു നാടുകളിലേക്കുള്ള പാലായനം തുടങ്ങിയതു. അന്നു മുതൽ ഇന്നു വരെ കേരളത്തിന്റെ എന്നു മാത്രമല്ല ഇന്ത്യൻ സമ്പത്ത്ഘടനയുടെ തന്നെ വിദേശ നാണയ ശേഖരത്തിന്റെ നല്ലൊരു പങ്കു ഗൽഫു നാടുകളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഭാവന ആയിരുന്നു. കേരളത്തിനെ ഒരു ഉപഭോക്ത സംസ്ഥാനമാക്കിയതിന്റെ ഉത്തരവാദിത്വം മുഴുവൻ വേണമെങ്കിൽ ഗൽഫു പണത്തിനു മേൽ നമ്മുക്കു ആരോപിക്കാം. പക്ഷെ ഇക്കണ്ട കാലമായിട്ടും, ഈ പണത്തിന്റെ ഒഴുക്കിനു എപ്പോഴെങ്കിലും ഒരു അവസാനം ഉണ്ടാകും എന്നു ആരും ആലോചിച്ചില്ല. എന്നും എപ്പോഴും ഗൽഫു പണം ഉണ്ടാകും എന്ന അഹങ്കാരത്തിൽ ജീവിക്കുകയായിരുന്നു മലയാളി. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം സൂക്ഷിക്കാനും, അതു ഉല്പാദനപരമായ കാര്യങ്ങൾക്കു വിനിയോഗിക്കാനും നമ്മൾ ഗൾഫുകാർക്കു കഴിഞ്ഞില്ല. അല്ലെങ്കിൽ ഈ പണത്തിനെ എങ്ങനെ ഉപയോഗപ്പെടുത്താൻ കഴിയും എന്നു ഇതു വരെ ഭരിച്ച ഒരു ഗവണ്മെന്റും ആലോചിച്ചില്ല.എന്നും ഈ പണം ഇങ്ങനെ ഒഴുകികൊണ്ടിരിക്കും എന്നു കരുതി ഒരു മൂഡസ്വർഗത്തിൽ ആയിരുന്നു നമ്മളിതുവരെ. നമ്മുക്കു ഒരിക്കൽ ഒരടി കിട്ടിയതാണു, കുവൈറ്റ് യുദ്ധത്തിന്റെ രൂപത്തിൽ. പക്ഷെ അതിനു ശേഷവും നമ്മൾ പഠിച്ചില്ല . നമ്മൾ വീണ്ടും അലസന്മാരായി. ഗൾഫിൽ നിന്നു ഒരു കൂട്ട പാലായനം ഉണ്ടായാൽ അതിനെ നേരിടുവാൻ നമ്മുടെ സർക്കാരുകൾ എന്താണു ചെയ്തിട്ടുള്ളത്? ഈവർഷത്തെ ബഡ്ജറ്റിൽ ഗൾഫിൽ നിന്നു ജോലി നഷ്ടപ്പെട്ടു തിരിച്ചു വരുന്ന പ്രവാസികൾക്കായി ഒരു പദ്ധതി പ്രഖ്യാപിച്ചു. നൂറു കോടി രൂപയാണു അതിനായി മാറ്റി വച്ചിട്ടുള്ളതു. ഇങ്ങനെ കേൾക്കുമ്പോൾ ഇതൊരു വലിയ തുകയായി തോന്നാമെങ്കിലും കണക്കുകൾ പരിശോധിക്കുമ്പോഴാണു ഇതു എത്ര ചെറുതാണ് എന്നു നമ്മൾ മനസ്സിലാക്കുന്നതു. ഏകദേശം ഇരുപതു ലക്ഷം മലയാളികൾ ആണു ഗൾഫ് മേഖലയിൽ ജോലിയെടുക്കുന്നതു. ഇതിൽ നിന്നും ഒരു അൻപതിനായിരം പേർ ജോലി നഷടപ്പെട്ടു തിരിച്ചു വരികയാണെന്നു കരുതുക. അപ്പോൾ ഒരാൾക്ക് ലഭിക്കാൻ പോകുന്ന തുക എത്രയാണു? വെറും രണ്ടായിരം രൂപ മാത്രം. ഈ ഒരു പ്രഖ്യാപനത്തിൽ നിന്നു തന്നെ സർക്കാർ ഇപ്പോഴും ഈ വിഷയത്തെ ലാഘവബുദ്ധിയോടെയാണു കാണുന്നതെന്നു വ്യെക്തമാണു. കേൾക്കുന്നവനെ ബോധ്യപ്പെടുത്താൻ മാത്രമായിട്ടുള്ള ഒരു പ്രഖ്യാപനം മാത്രമായിരുന്നു അതെന്നു കരുതാം. പക്ഷെ യാഥാർത്യം അത്ര ദൂരെ അല്ല. അനുഭവങ്ങളിൽ നിന്നെ നാം പഠിക്കൂ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ