പരമേട്ടന്‍റെ ചായക്കട


പരമേട്ടന്‍റെ ചായക്കട അഥവാ ഒരു ജനതയുടെ അഭിലാഷം.

ഞങ്ങളുടെ നാട്ടില്‍ പരമു ചേട്ടന്റെ ഒരു ചായക്കട ഉണ്ടായിരുന്നു. അക്കാലത്ത് നാട്ടിലെ ജന്മിയുടെ വകയായി ഒരു ഹോട്ടല്‍ ആണ് ആദ്യം ഞങ്ങളുടെ നാട്ടില്‍ തുടങ്ങിയത്. നിറയെ ചായംപൂശിയ ഒരുപാട് വര്‍ണ്ണങ്ങളുള്ള ചില്ല് ജനാലകള്‍ ഉള്ള ഒരു ഹോട്ടല്‍. പക്ഷെ അവിടെ ഞങ്ങളെ പോലെ ഉള്ള സാധാരണക്കാര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. തിളങ്ങുന്ന ഉടുപ്പും മുണ്ടും ധരിച്ചവരെ മാത്രമേ അവിടേക്ക് കടത്തി വിടുമായിരുന്നുല്ലു. അത് കര്‍ക്കശമായി നടപ്പിലാക്കുവാന്‍ ഒരു കപ്പടാ മീശക്കാരനെ അവിടെ കാവലും നിരുത്തിയിട്ടുണ്ടായിരുന്നു. അകത്തു മദ്യവും മദിരാശിയും വരെ ഉണ്ടായിരുന്നു എന്നാണ് കേട്ടിരുന്നത്. കീഴ്ജാതിയിലെ പെണ്‍കിടാങ്ങളെ ബലം പ്രയോഗിച്ചു അവിടെ കൊണ്ട് വന്നിരുന്നെന്നും കേട്ടിട്ടുണ്ട്. നാട്ടുകാര്‍ക്ക് മുഴുവന്‍ ഇതെകുറിച്ച്‌ അറിയാമായിരുന്നെങ്കിലും ആര്‍ക്കും എതിര്‍ക്കാന്‍ ധൈര്യം ഉണ്ടായിരുന്നില്ല. എതിര്‍ക്കുന്നവന്‍റെ ശവം അന്നാട്ടിലെ പൂതന്‍ കുളത്തില്‍ എത്ര പൊന്തിയിരിക്കുന്നു. ഓരോ ദിവസ്സവും ആ ഹോട്ടല് കൊണ്ട് നാട്ടുകാര്‍ പൊറതി മുട്ടി. പാടത്തും പറമ്പിലും കഷ്ടപ്പെട്ട് പണിയെടുത്ത് ഉണ്ടാക്കുന്ന വിഭവങ്ങള്‍ ജന്മിമാര്‍ ബലം പ്രയോഗിച്ചു കൈക്കലാക്കി ആ ഹോട്ടലിലേക്ക് കൊണ്ട് പോയിരുന്നു.

നാട്ടുകാരുടെ അമര്‍ഷം നാലാള്‍ കൂടുന്നിടത്ത് ഒരു ചര്‍ച്ചാ വിഷയം ആയിരുന്നു. ആദ്യമൊക്കെ ആളുകള്‍ തുറന്നു പറയാന്‍ മടിച്ചിരുന്നെങ്കിലും കാലം കഴിയേ മനസ്സില്‍ അടക്കി നിര്‍ത്താന്‍ കഴിയാത്ത വിധത്തില്‍ നാട്ടുകാരുടെ മനസ്സില്‍ രോഷം നിറഞ്ഞു. അങ്ങിനെയാണ് അവര്‍ സംഘടിച്ചത്. ജന്മിമാരുടെ ഹോട്ടലിനു ബദലായി ഒരു ചായക്കട എന്നാ ആശയം അവതരിപ്പിച്ചത് തന്നെ പരമു ചേട്ടന്‍ ആയിരുന്നു. എല്ലാവര്‍ക്കും കണ്ടുമുട്ടുവാനും വര്‍ത്തമാനം പറയുവാനും നാടിന്‍റെ പൊതുവായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുവാനും വേണ്ടി ഒരു കേദ്രം എന്ന് തന്നെയാണ് പരമു ചേട്ടന്‍ പറഞ്ഞത്. അത് കേട്ടപ്പോള്‍ എല്ലാവര്‍ക്കും അതൊരു നല്ല ആശയം ആയി തോന്നി. പിന്നെ അവരുടെ മുന്‍പില്‍ ഉണ്ടായിരുന്ന പ്രശ്നം ഒരു ചായക്കട ഉണ്ടാക്കുവാനുള്ള സാധന സാമഗ്രികളുടെ ലഭ്യതെയെ കുറിച്ചായിരുന്നു. പലരില്‍ നിന്നും പല അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ഒടുവില്‍ അവരെല്ലാം കൂടി തീരുമാനിച്ചു എല്ലാ ചിലവും പങ്കിട്ടെടുക്കാന്‍. അത് പോലെ തന്നെ ഇനി ജന്മിമാര്‍ വന്നു ചോദിച്ചാല്‍ തങ്ങള്‍ അധ്വാനിച്ചു ഉണ്ടാക്കിയതോന്നും വിട്ടുകൊടുക്കെണ്ടാന്നും. ജന്മിമാരുടെ മുഷ്കിനെ അതെ രീതിയില്‍ സംഘദിതമായി നേരിടാന്‍ അവര്‍ തീരുമാനിച്ചു. ഇനിയൊരു പെണ്‍കിടാവിനെയും ജന്മിമാരുടെ ഹോട്ടലിലേക്ക് അയക്കെണ്ടെന്നും തീരുമാനം ആയി. വേണ്ടിവന്നാല്‍ സ്വന്തം അസ്തിത്വം സംരക്ഷിക്കാന്‍ ആയുധം എടുക്കാനും അവര്‍ തീരുമാനിച്ചു.

നാട്ടുകാരുടെ ഈ കൂട്ടായ്മ ജന്മിമാരെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. അവര്‍ നാട്ടുകാരെ പണം കൊണ്ടും കയ്യൂക്ക് കൊണ്ടും തോല്‍പ്പിക്കാന്‍ ശ്രമിച്ചു. പലപ്പോഴായി പല പല സംഘര്‍ശങ്ങള്‍ ഉണ്ടായി. പലര്‍ക്കും അതില്‍ ജീവഹാനി സംഭവിച്ചു. എങ്കിലും തങ്ങളുടെ ആശയും അഭിലാഷവുമായി ചായക്കടയെ അവര്‍ കണ്ടു. എല്ലാവരും തങ്ങള്‍ക്കാകുന്ന വിധത്തില്‍ അതിനായി പ്രവര്‍ത്തിച്ചു. കല്യാണിയും ശാന്തമ്മയും കൂടെ ചായക്കട മറച്ചു കെട്ടാനുള്ള പായ നെയ്തു. കൃഷ്ണന്‍ ആശാരിയും കൂട്ടരും ചേര്‍ന്ന് ഇരിക്കാനുള്ള മേശയും കസേരകളും പണിതു. അതിനു വേണ്ടുന്ന തടി പലരുടെ പറമ്പില്‍ നിന്നായി വെട്ടി. എല്ലാ പറമ്പില്‍ നിന്നും വെട്ടിയ ഓല പെണ്ണുങ്ങള്‍ എല്ലാരും ചേര്‍ന്ന് മെടഞ്ഞു. പാത്രങ്ങളും ഗ്ലാസ്സുകളും പലരും പലരുടെ വീട്ടില്‍ നിന്നായി കൊണ്ട് വന്നു. അങ്ങിനെ എല്ലാരും ചേര്‍ന്ന് ചായക്കടയുടെ പണി തീര്‍ന്നു. ഇനി..ഇനിയെന്താ ബാക്കിയുള്ളത്? ചായം തേക്കണം. ജന്മിമാരുടെ ഹോട്ടല്‍ പോലെ പല വര്‍ണ്ണങ്ങള്‍ ഇല്ലെങ്കിലും ചായം തേക്കണം. അത് നമ്മുടെ പോരാട്ടത്തിന്‍റെ രക്തസാക്ഷിത്വത്തിന്‍റെ നിറമാകണം. അപ്പൊ പരമു ചേട്ടനാണ് പറഞ്ഞത്. അങ്ങിനെയെങ്കില്‍ ചോപ്പ് മതി അതെ നമ്മുടെ ചോരയുടെ ചോപ്പ്..ഈയൊരു ചായക്കടക്ക് വേണ്ടി പിടഞ്ഞു മരിച്ച നാട്ടുകാരുടെ ചോരയുടെ ചോപ്പ്. അങ്ങിനെ ആ നാട്ടുകാരുടെ സ്വപ്നമായ ചായക്കട ചോരച്ചുവപ്പില്‍ മുങ്ങി നിന്ന ചായക്കട പ്രവര്‍ത്തനം തുടങ്ങി.

പണിക്ക് പോകുന്നതിനു മുന്‍പും അത് കഴിഞ്ഞും ആളുകള്‍ അവിടെ ഒത്തു കൂടി. അവര്‍ക്കിഷ്ടപെട്ട വിഭവങ്ങള്‍ ആയ പരിപ്പുവട, കട്ടന്‍ ചായ, കപ്പയും മീന്‍കറിയും, കാവുത്ത്‌ പുഴുങ്ങിയതും ചേമ്പ് പുഴിങ്ങിയതും, പിന്നെ നല്ല എരിവുള്ള മീന്‍കറിയും ചോറും അതിന്‍റെ കൂടെ കടിക്കാന്‍ നല്ല കൊണ്ടാട്ടന്‍ മുളകും. നാട്ടുകാര്‍ എല്ലാവരും ആ ചായക്കടയെ സ്നേഹിക്കാന്‍ തുടങ്ങി..ആ ചായക്കട അവരുടെ ജീവിതത്തിന്‍റെ തന്നെ ഭാഗമായി. തങ്ങളുടെ ദുഖവും,സന്തോഷവും,പരിഭവങ്ങളും എല്ലാം അവര്‍ അവിടെ പങ്കു വച്ച്. അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കാന്‍ പരമു ചേട്ടനും കുടുംബവും നല്ലവണ്ണം ശ്രദ്ധിച്ചിരുന്നു. പാതിരാക്ക് പോലും ആര്‍ക്കും അവിടെ പരത്തി പറയാന്‍ കയറി ചെല്ലമായിരുന്നു. അവിടെ അവരെ തടയാ കപ്പടാ മീശക്കാര്‍ ആരും ഉണ്ടായിരുന്നില്ല.

തങ്ങളെ അധികാരികള്‍ എന്ന നിലയില്‍ നാട്ടുകാര്‍ കാണുന്നില്ലെന്ന് മനസ്സിലായി തുടങ്ങിയ ജന്മിമാര്‍ ആ ചായക്കടയെ തകര്‍ക്കാന്‍ ആവതും ശ്രമിച്ചു. അവരുടെ ശ്രമങ്ങള്‍ എല്ലാം നാട്ടുകാര്‍ ഒറ്റകെട്ടായി നേരിട്ടു. പിന്നെയും രക്തസാക്ഷികള്‍ ഉണ്ടായി എങ്കിലും ആരും പതറിയില്ല അവര്‍ ഒന്നായി ആ ചായക്കടയില്‍ സംഘടിച്ചു. തങ്ങള്‍ പണിചെയ്തു ഉണ്ടാക്കുന്ന വിഭവങ്ങള്‍ ജന്മിമാര്‍ക്ക് കൊടുക്കാതെ അവര്‍ അത് കച്ചോടം ചെയ്തു. അവരുടെ കുട്ടികള്‍ സ്കൂളില്‍ പോയി വിദ്യഭ്യാസം നേടി. അങ്ങിനെ ആ നാടുകാരുടെ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും ആ ചായക്കട നിര്‍ണ്ണായക സ്വാധീനം ചെലുത്തി.

ഇപ്പറഞ്ഞ കഥകള്‍ എല്ലാം പഴയത്..ഞങ്ങളുടെ ചെറുപ്പക്കാലത്ത് ആ കട നടത്തിയിരുന്നത് പരമു ചേട്ടന്‍റെ അനുജന്മാര്‍ ആയിരുന്നു. ഞാന്‍ ഏഴിലോ മാറ്റോ പഠിക്കുമ്പോള്‍ ആയിരുന്നു പരമു ചേട്ടന്റെ മരണം. ഒരു നാട് മുഴുവന്‍ ഉണ്ടായിരുന്നു ശവസംസ്കാര ചടങ്ങുകള്‍ക്ക്. ഒരു മനുഷ്യന്‍റെ പേരില്‍ ഒരു നാട് മുഴുവന്‍ തെങ്ങുന്നത് ഞാന്‍ കണ്ടു. പിന്നെ പഴയ കഥകള്‍ ഒക്കെ അറിഞ്ഞപ്പോ അതില്‍ ഒട്ടും അതിശയോക്തിയും കണ്ടില്ല. അനുജന്മാരും ഒരുവിധം നന്നായി തന്നെ ആണ് ആ കട നടത്തി പോന്നത്. ഞങ്ങള്‍ കൂട്ടുകാര്‍ എല്ലാവരും അവിടെ ഒത്തുകൂടുമായിരുന്നു. അവിടത്തെ പരിപ്പ് വടക്കും ചായക്കും ഒരു പ്രത്യേക രുചി ആയിരുന്നു.പുതു തലമുറയും അവരുടെ പ്രശ്നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നത് അവിടെ വച്ചായിരുന്നു. അതിനിടക്കാന് അവിടത്തെ വിഭവങ്ങള്‍ക്ക് വില കൂട്ടിയത്. പരമു ചേട്ടന്‍ വര്‍ഷങ്ങള്‍ ആയി ഒരേ വിലക്കാന് സാധനങ്ങള്‍ വിറ്റ് പോന്നിരുന്നത്. അതില്‍ ലാഭമോ നഷ്ടമോ അദ്ദേഹം നോക്കിയിരുന്നില്ല. അതിനെ പറ്റി ആരെങ്കിലും ചോദിച്ചാല്‍ അദ്ദേഹം പറയുമായിരുന്നു. നാടുകാരുടെ പൈസ കൊണ്ട് തുടങ്ങിയ കടയാണ് അതുകൊണ്ട് നാടുകാര്‍ക്ക് വില കൂട്ടി വില്‍ക്കാന്‍ കഴിയില്ലെന്ന്നു എന്തായാലും നാട്ടുകാരുടെ ആശയും അഭിലാഷവുമായി തന്നെയാണ് ആ കട തുടര്‍ന്ന് വന്നത്. ചില പരിഷ്ക്കാരങ്ങള്‍ നടന്നിരുന്നുവെങ്കിലും എന്നും സാധാരണ ജനങ്ങള്‍ക്ക്‌ ഒരു അത്താണി തന്നെ ആയിരുന്നു ആ കട. ഓല മാറ്റി ഓടു മേഞ്ഞതും, ഒടിഞ്ഞു വീണ മേശയുടെയും ബഞ്ചിന്‍റെയും കാലുകള്‍ മാറ്റിയതും ഒഴിച്ചാല്‍ ബാക്കിയെല്ലാം പഴയ പടി തുടര്‍ന്നു.

പക്ഷെ ഇന്നിപ്പോ സ്ഥിതി ആകെ മാറിയിരിക്കുന്നു. പരമു ചേട്ടന്‍റെ അനുജന്മാരുടെ കാലശേഷം ആണ് ഇത്രക്കും മാറ്റം ഉണ്ടായത്. അതും വളരെ പെട്ടെന്ന്. അവിടത്തെ വിഭാവങ്ങള്‍ക്ക് കുത്തനെ വില ഉയര്‍ത്തി. ചുവപ്പ് നിരമുണ്ടായിരുന്ന മേശയും കസേരയും എല്ലാം മാറ്റി. ഓട് മാറ്റി വാര്‍പ്പ്‌ ആക്കി. പല പല വര്‍ണ്ണങ്ങള്‍ പൂശി കട മോടി പിടിപ്പിച്ചു. കട എയര്‍കണ്ടീഷന്‍ ചെയ്തു. ഈ ചിലവുകള്‍ എല്ലാം സാധനങ്ങളുടെ വില വര്‍ദ്ദനയില്‍ കലാശിച്ചു. ഇപ്പൊ ജന്മിമാരുടെ ഹോട്ടലും ഈ കടയും തമ്മില്‍ തിരിച്ചരിയാതായി. നാട്ടുകാര്‍ തങ്ങളുടെ പ്രശ്നങ്ങള്‍ അവിടെ ചെന്നിരുന്നു ചര്‍ച്ച ചെയ്യുന്നത് വിലക്കി. അവസാനം ജന്മിമാരുടെ ഹോട്ടലിലെത് പോലെ മീശ പിരിച്ച ഒരു കാവല്ക്കരനെയും വച്ച്. നാട്ടിലെ സാധാരണക്കാര്‍ ആ കടയില്‍ പോകാതായി. ഇപ്പോളവിടെ ജന്മിമാരുടെ ഹോട്ടലിലെ ഭക്ഷണം കഴിച്ചു മതിയാകുമ്പോള്‍ ഒന്ന് മാറി കഴിക്കാന്‍ വരുന്ന പള പള മിന്നുന്ന കുപ്പായം ഇട്ടവര്‍ മാത്രമേ വരാറുള്ളൂ. ഞങ്ങള്‍ സാധാരണക്കാര്‍ക്ക് അവിടെ പ്രവേശനം നിയന്ത്രിക്കപ്പെട്ടു. ഇപ്പോള്‍ എല്ലാം ലാഭ നഷ്ട കണക്കുകളുടെ അടിസ്ഥാനത്തില്‍ ആണ് കാര്യങ്ങള്‍ തീരുമാനിക്കപെടുന്നത്. എന്തിനു വേണ്ടിയാണോ ആ കട തുടങ്ങിയത് അക്കാര്യത്തിനൊഴിച്ചു ബാക്കി എല്ലാ കാര്യങ്ങള്‍ക്കും വേണ്ടി ആയി ആ കട. നാടിലെ സാധാരണ ജനങ്ങള്‍ക്ക്‌ പോകാന്‍ ഇടം ഇല്ലാതായി.

എല്ലാം ലാഭകണ്ണിലൂടെ നോക്കുമ്പോ ഉണ്ടാകുന്ന അനന്തരഫലങ്ങള്‍ തന്നെയാണ് ഇന്ന് അവിടെയും കാണുന്നത്. കടയില്‍ കച്ചോടം കുറഞ്ഞു. അത് കൊണ്ട് തന്നെ ചെലവ് കൂടുകയും കടം കൂടുകയും ചെയ്തു. അതിനെല്ലാം ഉത്തരവാദികള്‍ നാട്ടുകാര്‍ ആണെന്നാണ് ഇപ്പോഴത്തെ കടയുടെ ഉടമസ്ഥര്‍ പറയുന്നത്. പണ്ട് വില കുറച്ചു സാധനങ്ങള്‍ വിറ്റിട്ടാനെത്രേ ഈ ഗതി വന്നത്. എന്തായാലും ഒരു ജനതയുടെ ആശയും അഭിലാഷവുമായി ഉയര്‍ന്നു വന്ന ആ സ്ഥാപനം ഇന്ന് അതിജീവനത്തിനായി കഷ്ടപെടുകയാണ്. ആപ്പോഴും തങ്ങളുടെ തെറ്റുകള്‍ തിരുത്താന്‍ ഉടമസ്ഥര്‍ തയ്യാറാകുന്നില്ല. ഉപദേശിക്കുന്നവരെ ചീത്ത വിളിക്കുന്ന സമീപനം ആണ് അവര്‍ സ്വീകരിച്ചത്.


എങ്കിലും ഞങ്ങള്‍ ജനങ്ങള്‍ പ്രതീക്ഷയില്‍ ആണ്. ഒരു നാള്‍ വീണ്ടും ആ ചുവന്ന സൂര്യന്‍ ഉദിക്കും എന്നാ പ്രതീക്ഷയില്‍..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓസ്കറിന്റെ വരവു

എനിക്ക് എന്‍റെ അമ്മയെ കാണണം