നാളേക്കു വേണ്ടി...

നാളേക്കു വേണ്ടി...

കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നോക്കി വാക്കുകളും കള്ളികളും അടുക്കി വയ്ക്കുന്നതിനടക്ക് അവള്‍ ഓഫീസ് ജനാലയിലൂടെ പുറത്തേക്ക് നോക്കി. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. അപ്പോളാണ് സമയം ശ്രദ്ദിച്ചത്‌. ഏഴു മണി ആകാറായിരിക്കുന്നു. ഓഫീസിലെ കസേരകള്‍ മിക്കവാറും കാലിയായി തുടങ്ങിയിരിക്കുന്നു. ഇന്ന് കുറച്ചു നേരത്തെ ഇറങ്ങണമെന്ന് കരുതിയതാണ്. അതെന്നും അങ്ങിനെയാണല്ലോ എന്ന് നേരത്തെ ഇറങ്ങണമെന്ന് കരുതുന്നുവോ അന്ന് അവസാന നിമിഷം എന്തിങ്കിലും ജോലി കിട്ടിയിരിക്കും. മുകളിരിക്കുന്നവര്‍ക്ക് എല്ലാം അവസാനത്തേക്ക് വക്കാം. പിന്നെ അത് സമയത്തിന് തീര്‍ക്കേണ്ടത് നമ്മുടെ കടമ. എന്ത് ചെയ്യാം ജീവിക്കണമെങ്കില്‍ ഇതൊക്കെ അംഗീകരിച്ചേ മതിയാകൂ. അവള്‍ സ്വയം സമാധാനപ്പെടുത്തി.
 പക്ഷെ ഇന്ന്... ഇന്ന് മകളുടെ അരങ്ങേറ്റമാണ്. അവള്‍ വളരെയേറെ ആഗ്രഹിച്ചു ചേര്‍ന്നതാണ് നൃത്തം പഠിക്കാന്‍. നീക്കി വക്കാന്‍ കാശില്ലാതതിനാല്‍ അവള്‍ ആഗ്രഹം പറഞ്ഞു രണ്ടു വര്‍ഷത്തിനു ശേഷമാണ് അവളെ നൃത്തവിദ്യാലയത്തില്‍ ചേര്‍ത്തത്. കൃത്യമായി പറഞ്ഞാല്‍ താന്‍ ഇവിടെ ജോലിക്ക് കയറിയതിനു ശേഷം. ഒരാളുടെ ശമ്പളം കൊണ്ട് കഴിഞ്ഞു പോകാന്‍ ബുദ്ടിമുട്ടായി തുടങ്ങിയപ്പോള്‍ ആണ് ഒരു ജോലിക്ക് വേണ്ടി ശ്രമിച്ചത്‌. അപ്പോഴാണ് ഒരു ജോലി കിട്ടാനുള്ള വിഷമം മനസ്സിലായത്‌. അങ്ങിനെയാണ് ഇവിടെ ജോലിക്ക് കയറിയത്. അത്ര നല്ല ഓഫര്‍ ആയിരുന്നില്ലെങ്കിലും സ്വീകരികാതെ നിവൃത്തി ഇല്ലായിരുന്നു. അല്ല.. നിവൃത്തി ഉള്ളവര്‍ ആരും ഈ ആട്ടും തുപ്പും സഹിച്ചു ഇവിടെ തുടരില്ലല്ലോ. ഇവിടെ എല്ലാവര്‍ക്കും പറയനനുണ്ട് എന്നെപോലെ തന്നെ നൂറു സങ്കടങ്ങള്‍. പിന്നെ കുടുംബമായി കഴിയുന്നു എന്ന ഒരു സമാധാനം മാത്രം. ഭര്‍ത്താവിനെയും മക്കളേയും എന്നും കണ്ടു കൊണ്ടിരിക്കാമല്ലോ? എന്നേക്കാള്‍ കൂടുതല്‍ സന്തോഷം ഭര്‍ത്താവിനു ആയിരുന്നു. നാട്ടിലായിരുന്നപ്പോള്‍ എനിക്ക് കൂട്ടായി മക്കളെങ്കിലും ഉണ്ടായിരുന്നു..പക്ഷെ അദ്ദേഹം ഇവിടെ ഒറ്റക്കല്ലേ ആയിരുന്നത്. പക്ഷെ ഇപ്പോഴും എല്ലാവരും എല്ലാവരെയും ശരിക്കും കാണുന്നത് വെള്ളിയാഴ്ച അവധി ദിവസം മാത്രമാണ്. മക്കള്‍ നേരത്തെ സ്കൂളില്‍ നിന്ന് എത്തും. ഞാന്‍ എന്നും വീട്ടില്‍ എത്തുമ്പോള്‍ എട്ടു മണിയെങ്കിലും ആകും.അവര്‍ അവരുടെ ഹോം വര്‍ക്കും പഠിപ്പും എല്ലാം കഴിഞ്ഞു ഭക്ഷണം കഴിഞ്ഞു കിടക്കാന്‍ നേരം ആണ് ഭര്‍ത്താവു വരിക. എല്ലാം കഴിഞ്ഞു കിടക്കുംപോഴേക്കും മണി പതിനൊന്നു കഴിയും. പിന്നെ രാവിലെ നാല് മണിക്ക് തന്നെ എഴുന്നേല്‍ക്കണം. എന്നാലേ മക്കള്‍ സ്കൂളില്‍ പോകാറാവുമ്പോഴേക്കും എല്ലാം ആകു. മക്കള്‍ ഇറങ്ങിയതിനു പിന്നാലെ ഞാനും ഭര്‍ത്താവും ഇറങ്ങും. അങ്ങിനെ ദിവസങ്ങള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍ കഴിഞ്ഞു പോകുന്നു. എന്നാലും കയ്യില്‍ ഒന്നും മിച്ചം ഇല്ല. പക്ഷെ രോഗങ്ങള്‍ ഓരോന്നായി കൂടെ കൂടി. നട്ടെല്ല് വേദന, മുട്ടു വേദന പിന്നെ കൂടിയ പ്രഷറും. ഇവിടെ ജോലി ചെയ്യുന്നവര്‍ക്കെല്ലാം പെട്ടെന്ന് വയസ്സകുമെന്നു തോന്നുന്നു. ഡോക്ടര്‍ പറയും ദിവസവും ഏഴു മണിക്കൂറെങ്കിലും ഉറങ്ങണം..അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. ഭക്ഷണം ക്രമീകരിക്കണം, മരുന്ന് സ്ഥിരമായി കഴിക്കണം. എല്ലാം നടന്നത് തന്നെ. ഇതെല്ലം നഷ്ടപ്പെടുത്തി കിട്ടിയത് എന്താ? കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ലോണെടുത്ത് കുറച്ചു സ്ഥലം വാങ്ങിച്ചു. അതെങ്കില്‍ അത്. അവസാനം തിരിച്ചു ചെല്ലുമ്പോള്‍ കുഴിചിടാനെങ്കിലും കുറച്ചു മണ്ണ്‍ ഉണ്ടല്ലോ. അത്രേം സമാധാനം.
പണി ചെയ്യുന്നതിനിടക്ക് ആലോചാനകള്‍ കടിഞ്ഞാണില്ലാതെ പായുകയാണ്. ഇതിനിടക്ക്‌ വല്ലതും തെറ്റിയോ ആവോ? ഉണ്ടെങ്കില്‍ ആ മാനേജര്‍ എന്നെ തിന്നത് തന്നെ. നാളെ ഏതോ മീറ്റിങ്ങിനു കൊണ്ട് പോകാനുള്ളതാണ്. അവള്‍ സമയം നോക്കി. ഏഴര കഴിഞ്ഞിരിക്കുന്നു. അവര്‍ എല്ലാവരും എന്നെ കാത്തിരിക്കുകയാകും. ഇനിയും വൈകാന്‍ പറ്റില്ല. ഓ ഇനി ഇത് രണ്ടാമത് ചെക്ക്‌ ചെയ്തു നോക്കാന്‍ സമയമെടുക്കും. നോക്കാനൊന്നും നേരമില്ല. ഇപ്പൊ ഇറങ്ങിയാലെ ഒന്‍പതു മണിക്കെങ്കിലും സമാജം ഓഡിറ്റോറിയത്തില്‍ എത്താന്‍ പറ്റൂ. അവരോടു അവിടെ വരാന്‍ പറയാം. എല്ലാം ഒന്ന് ഓടിച്ചു വായിച്ചു ഇമെയില്‍ ചെയ്യുമ്പോള്‍ അവളുടെ ഉള്ളില്‍ കുറച്ചു പരിഭ്രമം ഉണ്ടായിരുന്നു..
എല്ലാം കഴിഞ്ഞു ഇറങ്ങുമ്പോള്‍ മണി എട്ടായിരുന്നു. ഗേറ്റിലെ സെക്യൂരിറ്റിക്കാരന്‍റെ സലാം സ്വീകരിച്ചു അവള്‍ ധൃതിയില്‍ മെട്രോ സ്റ്റേഷനിലേക്ക് നടന്നു. സമയം വൈകിയത് കൊണ്ടാകാം തിരക്ക് കുറവായിരുന്നു ട്രെയിനില്‍. സ്ത്രീ യാത്രികര്‍ ആരെയും കണ്ടില്ല. ഈ രാജ്യത്തു അതൊരു മെച്ചമാണ്..സ്ത്രീകള്‍ക്ക് ഒറ്റക്ക് ഏതു പാതിരാത്രിയിലും യാത്ര ചെയ്യാം..ധൈര്യമായി. തനിക്കു എന്തോ അസ്വസ്ഥത തോന്നുന്നുണ്ടോ.. ഏയ്‌..നല്ല വിശപ്പുണ്ട് അതിനെ ആയിരിക്കും. ബാഗ് തുറന്നു കുപ്പിയെടുത്തു ഒരു കാവിള്‍ വെള്ളം കുടിച്ചു. പിന്നെ കണ്ണടച്ചിരുന്നു...ചിന്തകള്‍ ട്രെയിനിനേക്കാള്‍ വേഗത്തില്‍ പായുകയാണ്...കുട്ടികളുടെ പഠിത്തം, നാട്ടിലൊരു വീട്, മകളുടെ കല്യാണം അങ്ങിനെ അങ്ങിനെ...പക്ഷെ അതിലും വേഗത്തില്‍ വന്ന ഉറക്കം ചിന്തകളെ തല്‍ക്കാലത്തേക്ക് പിന്നിലാക്കി. അന്നൌണ്സ്‌മെന്റ് കേട്ടാണ് കണ്ണ് തുറന്നത്. സ്റ്റേഷന്‍ എത്തിയിരിക്കുന്നു. പുറത്തു ഇറങ്ങിയപ്പോള്‍ ആലോചിച്ചു എങ്ങിനെ പോകും? നടക്കാനുള്ള ദൂരമേ ഉള്ളു..വയ്യ ടാക്സി വിളിക്കാം..പിന്നെ സമയവും വൈകിയിരിക്കുന്നു..മോളുടെ അരങ്ങേറ്റം എത്രാമതായാണാവോ..ആദ്യമേ കഴിഞ്ഞിരിക്കുമോ..എങ്കില്‍ അവളുടെ പിണക്കം കാണേണ്ടി വരും. ടാക്സിക്കു കൈ കാണിച്ചു സ്ഥലം പറഞ്ഞു കൊടുത്ത് ചാരിയിരുന്നു..നല്ല ക്ഷീണം.. കാലത്ത് മുതലുള്ള ഇരിപ്പാണ്..ഉച്ചക്ക് ഭക്ഷണം കഴിച്ചെന്നു വരുത്തിയതാണ്.അവിടെ എത്തിയിട്ട് വല്ലതും വാങ്ങി കഴിക്കാം.
അവിടെ എത്തിയപ്പോള്‍ പ്രോഗ്രാമുകള്‍ തുടങ്ങി കഴിഞ്ഞിരുന്നു.. ഏതോ കുട്ടിയുടെ നൃത്തം നടക്കുന്നുണ്ട് സ്റ്റേജില്‍..ഭര്‍ത്താവും മകനും ഇരിക്കുന്ന സ്ഥലം കണ്ടെത്തി അവരുടെ കൂടെ ചെന്നിരുന്നു..മകളുടെ ക്രമനമ്പര്‍ വരുന്നതെ ഉള്ളു... ഭാഗ്യം. കണ്ടപ്പഴേ ഭര്‍ത്താവു ചോദിച്ചു..എന്തെ വല്ലതിരിക്കുന്നെ? വയ്യായ വള്ളത് ഉണ്ടോ? ഏയ് ഒന്നുമില്ല..എന്തിനാ വെറുതെ അവരെ കൂടി വിഷമിപ്പിക്കുന്നെ? ഓരോ കുട്ടികളുടെയും നൃത്തം അരങ്ങേറുമ്പോള്‍ മാതാപിതാക്കള്‍ സ്റ്റേജിനു അടുത്തേക്ക് നീങ്ങിന്‍ മൊബൈലിലും കാമറയിലും ഫോടോ എടുക്കുന്നു..വിഡിയോ എടുക്കുന്നു..എല്ലാവരുടെയും മുഖത്ത് സന്തോഷം മാത്രം.
മകളുടെ പേര് വിളിച്ചു..അടുത്തത്.. ശ്രേയ പ്രകാശന്‍..വളരെ ഉത്സുകത്തോടെ നോക്കിയിരുന്നു... അതിനിടയിലാണ് മൊബൈല്‍ കുറുങ്ങിയത്.. നോക്കിയപ്പോള്‍ ഇമെയില്‍ ആണ്..മാനേജരുടെ...അത് വായിച്ചു തീരും തോറും കണ്ണില്‍ ഇരിട്ടു കയറുന്നത് പോലെ തോന്നി. ടൈപ് ചെയ്തു അയച്ചതില്‍ തെറ്റ് പറ്റിയിരിക്കുന്നു. കൂടെ നല്ല ഭാഷയില്‍ തെറിയുമുണ്ട്. പിന്നെ അവസാനം ഒരു മുന്നറിയിപ്പും.. നാളെ കാലത്ത് എട്ടു മണിക്ക് മുന്‍പ് എനിക്കിത് ശരിയാക്കി വേണം..എങ്ങിനെയെന്ന് എനിക്കറിയണ്ട.. അല്ലെങ്കില്‍ പിന്നെ ജോലിക്ക് വരണമെന്നില്ല. ദൈവമേ ഇനിയെന്ത് ചെയ്യും. ഈ രാത്രിയില്‍ ഞാനെങ്ങനെ തിരിച്ചു ഓഫീസില്‍ പോകും..ഭര്‍ത്താവിനെ കൊണ്ട് പോകാമെങ്കില്‍ തന്നെ മക്കള്‍ എന്ത് ചെയ്യും..അവര്‍ക്കും നാളെ സ്കൂളില്‍ പോകേണ്ടതല്ലേ..ഇപ്പൊ തന്നെ നേരം വൈകിയിരിക്കുന്നു..ഇനി ഓഫീസില്‍ പോയി എല്ലാം തിരുത്തി ചെയ്തു കഴിയുമ്പോഴേക്കും നേരം എത്ര ആകും....പോകാതിരുന്നാലോ..നാളെ ചെല്ലുമ്പോള്‍ അവര്‍ ടെര്‍മിനേഷന്‍ ലെറ്റര്‍ കയ്യില്‍ തരും..പിന്നെ ഒരു മാസം..അതിനുള്ളില്‍ വേറെ ജോലി കിട്ടിയില്ലെങ്കില്‍....നാട്ടിലെ ലോണിന്‍റെ അടവ്..മക്കളുടെ ഫീസ്..ഭര്‍ത്താവിന്‍റെ ശമ്പലം കൊണ്ട് മാത്രം തികയില്ല... മക്കളേം കൂട്ടി നാട്ടില്‍ തിരിച്ചു പോകാമെന്ന് വച്ചാല്‍ അധ്യയന വര്‍ഷം തീരാതെ എങ്ങിനെ പോകും..അങ്ങിനെ പോയാല്‍ അവരുടെ ഒരു വര്‍ഷം പോകില്ലേ...എന്‍റെ കയ്യും കാലും വിറക്കുന്നുണ്ടോ...ചെറിയ ഒരു തരിപ്പുപോലെ തോന്നുന്നുണ്ടോ..ഏയ്‌ എസിയുടെ ആയിരിക്കും...ഇല്ല എന്തോ സംഭവിക്കുന്നുണ്ട് ശ്വാസം എടുക്കാന്‍ ബുദ്ദിമുട്ടു തോന്നുന്നുണ്ടോ...കാഴ്ച മങ്ങുന്നുണ്ടോ..ഭര്‍ത്താവിനെ വിളിച്ചാലോ..കൈകൊണ്ടു തോണ്ടി വിളിച്ചു..ഭര്‍ത്താവു തരിഞ്ഞു നോക്കി ചോദിച്ചു... എന്തെ വയ്യായ വല്ലതും തോന്നുന്നുണ്ടോ.. വെള്ളം വേണോ...വേണം എന്ന്‍ പറയണമെന്നുണ്ട് പക്ഷേ കഴിയുന്നില്ല..എനിക്കെന്തോ സംഭവിക്കുകയാണ്...ഞാന്‍ മറിഞ്ഞു വീഴുന്നുണ്ടോ...ഭര്‍ത്താവ് എന്നെ വട്ടം പിടിക്കുന്നുണ്ട്..ആരൊക്കെയോ ചുറ്റും കൂടുന്നുണ്ട്..മക്കളെ കാണുന്നുണ്ട്..പക്ഷെ തെളിച്ചമില്ല... അവര്‍ കരയുകയാണോ..അറിയില്ല..നെഞ്ചിലേക്ക് ആരോ ഒരു വലിയ കല്ലിറക്കി വച്ച മാതിരി തോന്നുന്നു. എനിക്ക് കാണാന്‍ പറ്റുന്നില്ല..കണ്ണടഞ്ഞത് കൊണ്ടാണോ..ആരോക്കെയോ എന്നെ താങ്ങുന്നുണ്ടോ..ആംബുലന്‍സിന്‍റെ ശബ്ദ്ദമാണോ കേള്‍ക്കുന്നത്..തനിക്ക് ഭാരം കുറഞ്ഞു വരുന്നത് പോലെ തോന്നുന്നു...ഞാന്‍...ഞാന്‍ മരിക്കുകയാണോ...ആരെയും കാണാനില്ല..ആരോടും ചോദിക്കാന്‍ പറ്റുന്നില്ല...അപ്പൊ എന്‍റെ ഭര്‍ത്താവ്...മക്കള്‍ ഞങ്ങളുടെ സ്വപ്നങ്ങള്‍....ഇല്ല എനിക്ക് ഇപ്പൊ മരിക്കണ്ട...ജീവിച്ചു കൊതി തീര്‍ന്നിട്ടില്ല. ഞാന്‍ പോയാല്‍ അവര്‍ക്ക് ആരുണ്ട്‌..ആശുപത്രി എത്താറായില്ലേ...ദൈവമേ..എന്നെ രക്ഷിക്കണേ...എവിടെയോ വന്നു വീണുവോ..കയ്യില്‍ ഉറുമ്പ് കടിക്കുന്നുണ്ടോ...എന്തോ കയ്യിലൂടെ കയറി വരുന്നു...പക്ഷെ അതിനു മുന്‍പേ വേറെന്തോ തലയിലേക്ക് ഓടി കയറുന്നു...ആരോ എന്‍റെ തലയ്ക്കു അടിച്ചുവോ....ആരോ എന്നെ പൊന്തിച്ചുവോ..അതെ..ഞാന്‍..ഞാന്‍ ഉയരുകയാണ്...പറഞ്ഞു പോങ്ങുകയാണ്..ഒരു അപ്പൂപ്പന്‍ താടി പോലെ....ഇപ്പോള്‍ സുഖം തോന്നുന്നു...ഞാന്‍ എല്ലാം മറന്നിരിക്കുന്നു..ഇപ്പോള്‍ ചുറ്റും പഞ്ഞികെട്ടുകള്‍ പോലത്തെ വെള്ള മേഘങ്ങള്‍ മാത്രം...നിറയെ പ്രകാശം മാത്രം...ഒരു സംഗീതം കേള്‍ക്കുന്നുണ്ടോ...വെളുത്ത വസ്ത്രം ധരിച്ചവരാണോ ചുറ്റും നില്‍ക്കുന്നത്..ഇവരാണോ എന്നെ ഇവിടേയ്ക്ക് കൊണ്ട് വന്നത്....ഇതാണോ സ്വര്‍ഗ്ഗം.....


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓസ്കറിന്റെ വരവു

എനിക്ക് എന്‍റെ അമ്മയെ കാണണം